
അവധിക്കാലം ആഘോഷങ്ങളുടേതാണ്. ബാല്യകാല സ്മരണകളിൽ ഇന്നും ദീപ്തമായിട്ടുള്ളത് കളികൂട്ടുകാരുമൊത്തുള്ള അവധിക്കാലത്തെ കളികൾ തന്നെ. കാലം മാറി, അണുകുടുംബ വ്യവസ്ഥിതിയും, വേഗമേറിയ സാങ്കേതികതയുടെ തോളിലേറിയ യാന്ത്രികമായ ജീവിത രീതിയും നമ്മുടെ കുട്ടികളുടെ കളികളിലും ആസ്വാദനത്തിലും മാറ്റം വരുത്തിയിരിക്കുന്നു.
പരസ്പരം പങ്കുവയ്ക്കലിലൂടെ, സാഹചര്യങ്ങളോട് പടവെട്ടി,നൈസർഗിക കഴിവുകളെ ഉണർത്തി ,ഒരു പൂവ് വിടരുന്ന പോലെ സ്വയം വികസിക്കേണ്ട കുഞ്ഞുങ്ങൾക്ക് ഇന്നതിനുള്ള അവസരമില്ല. ഈ സാഹചര്യത്തിലാണ് കെ.ജി.എം.ഒ.എ കോട്ടയം നമ്മുടെ കുട്ടികൾക്കായി ഒരു കളിവീട് ഒരുക്കിയത്. കുട്ടികളുടെ നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കുവാൻ, ക്ലാസ് മുറികളിലെ സ്ഥിരം പഠന രീതികളിൽ നിന്ന് വ്യത്യസ്തമായി,കളിച്ചു കൊണ്ട് പലതും പഠിക്കാൻ,ഒത്ത് ചേരാൻ ഒരു വേദി. “കിഡ്സ് ക്ലബ്ബ്”
രണ്ട് വർഷം മുമ്പ് ഡോ.വിനോദ്.പി യുടെയും ഡോ.ടോണി തോമസിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച കിഡ്സ് ക്ലബ്ബിൻ്റെ ഈ വർഷത്തെ ആദ്യ പരിപാടി 12/04/2019 വെള്ളിയാഴ്ച 2pm to 5pm ന് പനമ്പാലത്തുള്ള IAP house ൽ വച്ച് നടന്നു. ആദ്യ പരിപാടിയായി കുട്ടികൾക്ക് മാജിക് പരിശീലനം നൽകി.കെ.ജി.എം.ഒ.എ അംഗങ്ങളുടെ കുട്ടികളിൽ 8 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പങ്കെടുത്തു.
മാനസികോല്ലാസം നൽകുന്ന വളരെ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഇതെന്ന് കുട്ടികളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നു.
എല്ലാ മാസവും കിഡ്സ് ക്ലബ്ബിൻ്റെ വ്യത്യസ്തമായ ഓരോ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഡോ.വിനോദ് പി.ഡോ. വിനീത ടോണി, ഡോ. നിത ആലീസ് പോൾ, ഡോ.സുശാന്ത്, ഡോ.ജിഷ തുടങ്ങിയവർ നേതൃത്വം നൽകി.






